ഗുരുവായൂരപ്പൻ കഥകൾ
ഗുരുവായൂരപ്പൻ കഥകൾ
എത്ര കേട്ടാലും മതിവരാത്തവയാണ് ഗുരുവായൂരപ്പൻറെ
ഭക്തരോടുള്ള കാരുണ്യത്തിൻറെ കഥകൾ.
പിശുക്കു പൊറുക്കില്ല.
ഗുരുവായൂർ ക്ഷേത്രത്തിൻറെ ഊരാളനായിരുന്ന മല്ലിശ്ശേരി നമ്പൂതിരി. സന്താനലാഭത്തിനുവേണ്ടി കുട്ടികൾക്ക് ഭക്ഷണവും വസ്ത്രവുമൊക്കെ കൊടുത്തു സന്തോഷിപ്പിക്കുക പതിവായിരുന്നു. വിശേഷിച്ചും തിരുവോണത്തിൻറെയന്നു കുട്ടികൾക്ക് ഓണപ്പുടവ നൽകുകയെന്നത് അദ്ദേഹം മുടങ്ങാതെ അനുഷ്ഠിച്ചുപോന്നു. ഒരിക്കൽ ഓണപ്പുടവ കൊടുക്കൽ മുഴുമിച്ചപ്പോൾ കറുത്ത് കോമളനായ ഒരു ബാലൻ നമ്പൂതിരിപ്പാടിൻറെ
മുന്നിലെത്തി കൈ നീട്ടി ഓണപ്പുടവ വാങ്ങി, ഉടൻതന്നെ കുട്ടി ഇടതുകൈ നീട്ടി ഒന്നുകൂടി ആവശ്യപ്പെട്ടു. ബാലൻറെ കുസൃതിത്തരം കണ്ട് അദ്ദേഹത്തിന് ഉള്ളിൽ സന്തോഷം തോന്നിയെങ്കിലും ഗൗരവം നടിച്ചുകൊണ്ടു അദ്ദേഹം പറഞ്ഞു.
"എല്ലാവർക്കും ഓരോ മുണ്ടല്ലേ കൊടുത്തുള്ളൂ തനിക്കു മാത്രമായിട്ട് രണ്ടെണ്ണം തരാനൊക്കുമോ? പോരെങ്കിൽ മുണ്ടൊക്കെ തീർന്നുപോയി". യഥാർത്ഥത്തിൽ ഒരു കസവുമുണ്ട് തൻറെ ഉണ്ണിക്കുവേണ്ടി അദ്ദേഹം കരുതിയിരുന്നു. അത് വേറെ ആരും അറിഞ്ഞിട്ടുമില്ല. ബാലൻ ഉടനെ മറുപടി പറഞ്ഞു. "കസവുമുണ്ട് കുട്ടനുവേണ്ടി ഒന്ന് കരുതിവച്ചിട്ടില്ലേ? അത് തനിക്കു തന്നുകൂടെ?" ഇത്ര പിശുക്കോ? ഉണ്ണിയുടെ വാക്കുകേട്ടപ്പോൾ ഭക്തനായ നമ്പൂതിരിപ്പാടിന് ഈ കുട്ടി സാമാന്യനല്ലെന്നു മനസ്സിലായി . താൻ കരുതിവച്ച കസവുമുണ്ടിനെപ്പറ്റി ഈ ബാലൻ എത്ര കൃത്യമായി പറയുന്നു.!! കണ്ണടച്ചു "കൃഷ്ണാർപ്പണമസ്തു" എന്ന സങ്കല്പത്തോടെ
കാസവുമുണ്ട് ആ കുഞ്ഞിക്കൈകളിൽ വച്ചുകൊടുത്തു.
പിറ്റേ ദിവസം നടതുറന്നപ്പോൾ എന്തൊരാശ്ചര്യം !!
ഊരാളൻ നമ്പൂതിരിപ്പാട് തലേന്ന് കൊടുത്ത കുഞ്ഞിമുണ്ട് അതാ ബിംബത്തിൽ ചുറ്റിക്കാണുന്നു. നനഞ്ഞ കണ്ണുകളോടെ ഭക്തനായ മല്ലിശ്ശേരി
ഉറക്കെ നാമം ജപിച്ചുകൊണ്ടു ആ നടക്കൽ കമഴ്ന്നു വീണു. രണ്ടു പ്രാവശ്യം തനിക്കു സ്പർശനഭാഗ്യം അനുവദിച്ചു തന്ന ഗുരുവായൂരപ്പന്റെ കാരുണ്യത്തെ അദ്ദേഹം മനസ്സാ വാഴ്ത്തി. തലേന്നാളത്തെ സംഭവത്തിൽ ദൃക്സാക്ഷികളായിരുന്ന ദേവസ്വം ജീവനക്കാരും ഭക്തജനങ്ങളും നമ്പൂതിരിപ്പാടിന്റെ ഭാഗ്യത്തിൽ അതിശയം കൂറി. അടുത്ത വർഷം മുതൽ തിരുവോണം നാളിൽ ഗുരുവായൂരപ്പന് രണ്ടു കാസവുമുണ്ട് ഓണപ്പുടവയായി സമർപ്പിച്ചുവന്നു. ഇപ്പോഴും ആ പതിവ് തുടർന്ന് പോരുന്നു. കഴിവുള്ളവന്റെ പിശുക്കു ഗുരുവായൂരപ്പൻ സമ്മതിച്ചുകൊടുക്കില്ല.
Comments
Post a Comment